നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) - 1

കാറ്റത്താടും
മാമ്പഴം
കൂടെയാടുന്നു കണ്ണുകള്‍ 
========================
എന്‍ കൈവിരലാല്‍ 
പാളം തെറ്റും 
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം 
ചുവന്നു തുടുത്ത് 
മാജിക് റോസ
=================
ഇടവഴി 
കാറ്റിനു പുറകെയോടുന്നു 
കരിയിലക്കൂട്ടം 
=================

മരിച്ച നിളയുടെ ഓര്‍മയുമായ്‌ 
പുഴക്കഷ്ണങ്ങള്‍ 
ട്രെയിന്‍കാഴ്ച

==================
തൃസന്ധ്യ 
ചുവന്നുതുടുത്തൊരു ഓറഞ്ച് 
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ 
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു 
ബാലര്‍ക്കന്‍
==================
അലസ രാവ് 
മഞ്ഞു പൂക്കള്‍ പെയ്യുന്നു 
കൂടെ നിലാവും 

=================

വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം 
അരികിലൊരു പിച്ചച്ചട്ടിയും 
വാറു പൊട്ടിയ വള്ളിച്ചെരുപ്പും

================
http://mydreams-renju.blogspot.in/2013/04/blog-post.html

2013, മാർച്ച് 26, ചൊവ്വാഴ്ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 




2013, മാർച്ച് 22, വെള്ളിയാഴ്‌ച

മഴ നല്‍കിയത്

മഴയേ നീ പെയ്യുകയയിരുന്നില്ല 
പതിയെ പതിഞ്ഞിറങ്ങുകയായിരുന്നു 
എനിക്കും നിനക്കുമിടയിലെ 
ചില്ലുജാലകങ്ങളില്‍ 
ചിത്രം രചിക്കുകയായിരുന്നു  

ഒരു ഗസല്‍ പോലെയെന്‍ 
മനം കുളിര്‍പ്പിച്ച് വെയിലിനെ 
മുത്തി  മഴവില്ല് വിരിയിച്ചു 
നീ ലാസ്യ നൃത്തമാടുകയായിരുന്നു.

എന്‍ മനസ്സിലെക്കുര്‍ന്നിറങ്ങി 
അസ്വസ്ഥതതയുടെ പൊടിപടലങ്ങ-
ളടിച്ചമര്‍ത്തി കവിതവിത്തുകളെ 
പാകി മുളപ്പിക്കുകയായിരുന്നു

നീയെന്നിലെ കവയിത്രിയെ 
പതിയെ തൊട്ടുണര്‍ത്തുകയായിരുന്നു 
എന്നിലെ ഭാവനക്ക് വര്‍ണച്ചിറകുകള്‍  
നല്‍കി സ്വതന്ത്രയക്കുകയിരുന്നു
നീയെനിക്കെന്നെ കാട്ടിത്തരികയായിരുന്നു


2013, മാർച്ച് 13, ബുധനാഴ്‌ച

ഹൈക്കു കവിതകള്‍

കളി കഴിഞ്ഞു 
ചായം കഴുകും 
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി 
വീണോരമ്പിളി 
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം

===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു 
മഴയായ് മണ്ണിലലിയാന്‍ 
==========
എന്‍ കൈകളിലൊതുങ്ങാതെ 
യൊരു മഴയുര്‍ന്നു 
താഴേക്ക്‌ 
===============

മേഘത്തിന്‍ കെട്ടഴിഞ്ഞു 
മഴനൂലുകള്‍ 
താഴേക്ക്‌ 
=================
ഒരു കുതിപ്പ് 
കുളത്തി നൊരായിരം വളകള്‍ 
പൊന്‍ മാനിനൊരു മീനും
===============
ഇലത്തോണിയിലൊരു 
ഉറുമ്പിന്‍ കൂട്ടം 
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി 
കരിഞ്ഞൊരു നിലാവ് 
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍ 
നക്കിക്കുടിച്ചു 
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍ 

=====================
വെയില്‍പ്പൂക്കള്‍ 
മഴനൂലാല്‍ കോര്‍ത്തൊരു
 മാരിവില്ല്
==================
വെയില്‍ സൂചി 
മഴനൂലാല്‍ തുന്നിയ 
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ 
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍ 
രോഗിയായി പുഴ 
കാരണമായി മനുഷ്യനും
==============

മാഞ്ഞു പോയ മഴക്കാഴ്ച്ചകള്‍


സ്കൂള്‍ തുറക്കാനോടിയെത്തും
ജൂണ്‍ മാസത്തിലെ മഴ 

മണ്ണിലുറങ്ങും 
വിത്തുകുഞ്ഞുങ്ങളെ 
വിളിച്ചുണര്‍ത്തി 
പച്ചയുടുപ്പിക്കുന്ന 
എന്‍റെ പ്രിയ  മഴ 

പുത്തനുടുപ്പിലും 
പുത്തന്‍ കുടയിലും
വെള്ളം തെറിപ്പിച്ചു 
കളിക്കും  കുറുമ്പി  

അവളുടെ കുളിരു 
സഹിക്കാതെ എഴുന്നേറ്റു 
ഉറക്കം തൂങ്ങി നില്‍ക്കും 
മഴക്കൂണുകള്‍.

വെള്ളപ്പൊക്കത്തില്‍ 
അഭയാര്‍ഥി കളായി 
ഇലത്തോണിയിലെത്തും 
ഉറുമ്പിന്‍ കൂട്ടം 

കര നിറഞ്ഞൊഴുകും 
പുഴയിലെ 
മീന്‍ തുള്ളലുകള്‍ .

എല്ലാമിന്നോര്‍മ്മകള്‍ മാത്രം 
മാഞ്ഞുപോയ 
മഴക്കാഴ്ച്ചകള്‍


2013, മാർച്ച് 5, ചൊവ്വാഴ്ച

ആകാശത്തിന്‍റെ കരച്ചില്‍


ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച് 
ആരും കാണാതെ കരഞ്ഞകാശം  
മരിച്ച പുഴയെയോര്‍ത്ത് 

കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു 
മഴയായ് പെയ്തിറങ്ങി 
അവള്‍ പോലുമറിയാതെ 

കരച്ചിലൊരു നിലവിളിയായ് 
മാറിയപ്പോള്‍ 
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍ 
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി 
കാരണമറിയാന്‍ 

എന്നിക്കിത് കാണാന്‍ വയ്യെന്ന് 
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി 
ലോലഹൃദയയാം  തൊട്ടാവാടി

ചോരചുവപ്പായിരുന്നു 
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്

വറ്റിയ പുഴ ഞരമ്പുകള്‍ 
കണ്ണീരാല്‍ നിറച്ചവള്‍  
തിരികെയെത്തി തുടിപ്പുകള്‍  
മരിച്ച പുഴയിലേക്ക്


2013, മാർച്ച് 1, വെള്ളിയാഴ്‌ച

പ്രണയം പൂത്ത കല്‍പ്പടവുകള്‍


എന്‍റെ പ്രണയം മരിച്ചു വീണ 
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി 
ഒരു മനോയാത്ര 

ആ കല്‍പ്പടവുകളിലായിരുന്നു 
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌   
നീ എന്നെ കാത്തു നിന്നിരുന്നത് 

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു 
ആ  പ്രണയം കണ്ടിട്ടും 
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌ 

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍ 
എന്നെ തേടി വന്നത് 

പക്ഷെ അതിലെ പ്രണയങ്ങള്‍ 
നിന്‍റെതു  പോലെ 
ആഴമുള്ളവയായിരുന്നില്ല  

അത് തിരിച്ചറിഞ്ഞപ്പോള്‍ 
എന്നില്‍ പ്രണയം ജനിച്ചിരുന്നു 
അതിന്നവകാശി നീ മാത്രയായിരുന്നു 

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും 
നമ്മുടെ പ്രണയമാക്കാന്‍ 
ഞാന്‍ നിന്നെ തേടി വന്നു 
അതേ  കല്‍പ്പടവില്‍ 

പക്ഷെ ഞാനവിടെ കണ്ടത് 
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല 
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു 

അത് കണ്ട മാത്രയില്‍  മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന 
കണ്ണീര്‍ത്തുള്ളികള്‍ മാത്രം....  .



Translate