ഒരു ദിനം കൊണ്ടു
മൂകനാക്കപ്പെട്ടൊരാൾ
നീണ്ടുനിവർന്നൊരോരു
ചാരുകസേരമേൽ
വെളിച്ചമണഞ്ഞു
പോയോരിറയത്ത്
ഇരുട്ടിനെ ഭയമാണവൾക്കെന്നു
പിറുപിറുത്ത്
ഇന്നലെ കത്തിയെരിഞ്ഞ
പ്രിയപത്നി തൻ
ഒരു പിടി ചാരമാം
ചിതയ്ക്കു കൂട്ടിരിപ്പൂ
ഇന്നലെയുയർന്ന
യാർത്തനാദങ്ങളും
പൊട്ടിക്കരച്ചിലും
ചെറുവിതുമ്പലുകളും
ചിതയുടെ കൂടെ
കെട്ടു പോയിരിക്കുന്നു
പകരമുയരുന്നിതാ
പിറുപിറുക്കലുകൾ
ചെറു വാഗ്വാദങ്ങൾ
ഇനിയീവീടാരു നോക്കും
വിൽക്കാം നമുക്കെന്നോതുന്നു
പ്രിയ മകൻ
എൻ പിതാവിനി
പാടത്തു പണിയേണ്ട
വീതം വച്ചോഴിഞ്ഞേക്കെന്നു
പൊൻ മകൾ
പ്രിയ കൂട്ടുകാരെല്ലാം
പുതിയ വൃദ്ധസദനത്തിൽ
മുറിയെടുത്തിരിക്കുന്നെ
ന്നോർമ്മിപ്പിച്ചു മരുമകൾ
മക്കൾ തൻ സ്നേഹമൊരു
സൂചിയായ് തറച്ചുള്ളിലെ
യണപൊട്ടി പുഴയായ്
യൊഴുകുന്നിതാ
അതിലൊരു സങ്കടത്തോണിയിൽ
തുഴഞ്ഞു നീങ്ങുന്നയാൾ
പുതിയ വൃദ്ധസധനത്തിലേക്കുള്ള
വഴിയുമന്വേഷിച്ച്...