നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, മാർച്ച് 5, ചൊവ്വാഴ്ച

ആകാശത്തിന്‍റെ കരച്ചില്‍


ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച് 
ആരും കാണാതെ കരഞ്ഞകാശം  
മരിച്ച പുഴയെയോര്‍ത്ത് 

കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു 
മഴയായ് പെയ്തിറങ്ങി 
അവള്‍ പോലുമറിയാതെ 

കരച്ചിലൊരു നിലവിളിയായ് 
മാറിയപ്പോള്‍ 
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍ 
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി 
കാരണമറിയാന്‍ 

എന്നിക്കിത് കാണാന്‍ വയ്യെന്ന് 
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി 
ലോലഹൃദയയാം  തൊട്ടാവാടി

ചോരചുവപ്പായിരുന്നു 
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്

വറ്റിയ പുഴ ഞരമ്പുകള്‍ 
കണ്ണീരാല്‍ നിറച്ചവള്‍  
തിരികെയെത്തി തുടിപ്പുകള്‍  
മരിച്ച പുഴയിലേക്ക്


2013, മാർച്ച് 1, വെള്ളിയാഴ്‌ച

പ്രണയം പൂത്ത കല്‍പ്പടവുകള്‍


എന്‍റെ പ്രണയം മരിച്ചു വീണ 
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി 
ഒരു മനോയാത്ര 

ആ കല്‍പ്പടവുകളിലായിരുന്നു 
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌   
നീ എന്നെ കാത്തു നിന്നിരുന്നത് 

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു 
ആ  പ്രണയം കണ്ടിട്ടും 
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌ 

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍ 
എന്നെ തേടി വന്നത് 

പക്ഷെ അതിലെ പ്രണയങ്ങള്‍ 
നിന്‍റെതു  പോലെ 
ആഴമുള്ളവയായിരുന്നില്ല  

അത് തിരിച്ചറിഞ്ഞപ്പോള്‍ 
എന്നില്‍ പ്രണയം ജനിച്ചിരുന്നു 
അതിന്നവകാശി നീ മാത്രയായിരുന്നു 

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും 
നമ്മുടെ പ്രണയമാക്കാന്‍ 
ഞാന്‍ നിന്നെ തേടി വന്നു 
അതേ  കല്‍പ്പടവില്‍ 

പക്ഷെ ഞാനവിടെ കണ്ടത് 
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല 
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു 

അത് കണ്ട മാത്രയില്‍  മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന 
കണ്ണീര്‍ത്തുള്ളികള്‍ മാത്രം....  .



2013, ഫെബ്രുവരി 23, ശനിയാഴ്‌ച

കുറ്റം ചെയ്തവള്‍

അവര്‍ നിന്നെ കൂട്ടിലടച്ച്
തൊട്ടു തലോടി 
രസിച്ചു 
പിന്നെ വിചാരണക്കൂട്ടില്‍ 
തോലിരിഞ്ഞു 
കളഞ്ഞു 
മസലക്കൂട്ടു ചേര്‍ത്ത് 
പത്രത്താളുകളില്‍ 
വിളമ്പി 
എന്നിട്ടിപ്പോ കോഴിക്ക് 
രുചി പോരെന്ന് ....

കുറ്റം 
തൊട്ടു തലോടിയവരുടെയോ 
തോലുഞ്ഞവരുടെയോ 
മസാല ചേര്‍ത്ത വരുടെയോ അല്ല 
നിന്‍റെ മാത്രമാണ് ....
അവര്‍ക്ക് വേണ്ടി 
പൊന്‍ മുട്ടയിട്ടു കൊടുത്ത 
നിന്‍റെ മാത്രം ....



2013, ഫെബ്രുവരി 13, ബുധനാഴ്‌ച

പേരു നഷ്ടപ്പെട്ടവള്‍ ..മുഖവും



എനിക്കൊരു 
മുഖം വേണം
ഉയര്‍ത്തിപ്പിടിക്കാന്‍ 
ഒരുങ്ങി നടക്കാന്‍ 
ഉണ്ടായിരുന്നത്
മോശമായിപ്പോയ്  
ഒരു പ്രണയദിനത്തില്‍ ....
ഞാനൊരു ഇരയായ  നാളില്‍  

തുറന്നു കാണിക്കാന്‍ 
പറ്റാത്ത വിധം 
മൂടപ്പെട്ടെന്‍ മുഖം 
ആ നാള്‍  മുതല്‍ ...
ഇരയുടെ മുഖമെങ്ങനെ 
വെളിച്ചം കാണും ..
ഇരയുടെ പേരെങ്ങനെ 
പുറത്ത് പറയും 
അവളോരിര  മാത്രമാണ് 

പേരില്ലാത്തവള്‍ 
മുഖമില്ല ത്തവള്‍ 
അവളുടെ പേരും 
മുഖവും കീറിക്കളഞ്ഞവര്‍ 
വാഴുന്ന ലോകത്ത് 
അവളിനി പേരില്ലാതെ 
മുഖമില്ലാതെ ............ 


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

കുറും കവിതകള്‍


പഞ്ഞി മേഘങ്ങളില്‍ നിന്നും 
മഴനൂല്‍ നൂല്ക്കുന്നു 
നീലാകാശം..

============

 മഴ 
ഒഴുകുകയാണ് 
പുഴയായ് 
===============
മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 
================

പച്ചിലയുടെ 
പച്ച കട്ടെടുത്ത് 
ശിശിരം
പകരമൊരു 
മഞ്ഞപ്പട്ടുചേല
മൂടി 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

താമരയുടെ പ്രണയം .. ആമ്പലിന്‍റെയും


ഏകാകിയായസൂര്യനെ
കാത്തിരിപ്പൊരു
താമര  
തുഷരബിന്ദുവും 
കവിളിലണിഞ്ഞ്
നമ്രമുഖിയായി 
അമ്പലക്കുളത്തില്‍ 

ഓരോ പ്രഭാതങ്ങളിലും ... 
ഒരു സൂര്യകടക്ഷം മാത്രം 
മോഹിച്ചു തലയും 
കുമ്പിട്ടു കാത്തു നിന്നു
പാവമാ നാടന്‍ പെണ്ണ് 

സൂര്യന്‍റെ നോട്ടമെന്നും 
പടിഞ്ഞാറോട്ടായിരുന്നു  
അവിടെ തന്നെയും കാത്തു 
സൂര്യസ്നാനത്തിനായി 
പഞ്ചാര  മണലില്‍  കിടക്കുന്ന 
വെളുത്ത മേനികളിലായിരുന്നു 

പുശ്ച്ചമായിരുന്നവന് 
താമരയുടെ ചുവന്നു 
തുടുത്ത മേനിയോടും 
ചേറ്  മണത്തോടും 

അപ്പോളുമവനോര്‍ത്തില്ല  
വെളുത്ത മേനികള്‍ 
ചന്ദ്രന് വേണ്ടിയും  
കാത്തിരിക്കാറുണ്ടെന്നു 

ആമ്പലിന് മാത്രം മനസ്സിലായി 
താമരയുടെ മനസ്സുരുക്കത്തിന്‍റെ 
ആഴം 
അവളും പ്രണയിച്ചിരുന്നല്ലോ 
രാവിന്‍റെ രാജാവിനെ 
ചന്ദ്രനെ ...

ഒരായിരം താര റാണി മാരോട്
കിന്നാരം പറഞ്ഞിരിക്കുന്ന 
ചന്ദ്രനെവിടെ  നേരം
ആമ്പലിനെ പ്രണയിക്കാന്‍

കാത്തിരി പ്പൂ 
സഖിമാരിന്നും 
രാവിലുറങ്ങതെയാമ്പലും 
പുലരിയിലെഴുന്നേറ്റ്  താമരയും


2013, ജനുവരി 23, ബുധനാഴ്‌ച

വെയില്‍


വെയില്‍ വലിച്ചൂറ്റി
കുടിക്കുന്നു പുഴയെ
മഴയായ് പെയ്തിറങ്ങാന്‍
അരുതേ എന്ന് നിലവിളിച്ചു
പിടയുന്നൊരു പാവം പുഴ

പുഴയുടെ നിലവിളി
കേട്ടിട്ട് കേട്ടില്ലെന്നു
നടിച്ചു മഴമോഹത്തല്‍
ബധിരനായ വെയില്‍
ആഴ്ത്തിയിറക്കി
ചുട്ടു പഴുത്ത ദ്രംഷ്ടകള്‍
പുഴയുടെ
നിറഞ്ഞ മാറിലേക്ക്‌

പുഴ ഞരമ്പുകളെ
പൊട്ടിച്ചെറിഞ്ഞു
അവസാന തുള്ളിയും
ഊറ്റിക്കുടിച്ചു
 മഴമോഹം  കൊണ്ട്
 ഉന്‍മാദിയായ
വെയില്‍ കൊലച്ചിരി
ചിരിക്കുന്നു

ബാക്കി വച്ചില്ല
പുഴയുടെ ഒരിറ്റു
കണ്ണീര്‍ പോലും

തുള്ളികളെല്ലാം വലിചൂറ്റി
പുതുമഴയവാന്‍ കാത്ത്
മരിച്ച പുഴയുടെ
ഉണങ്ങിയ മാറില്‍
മയങ്ങിക്കിടന്ന വെയിലിനെ
തേടി വന്നു
പ്രതികാര ദാഹവുമായൊരു
 പേമാരി
അമ്മപ്പുഴയുടെ മരണത്തിന്നു
കണക്കു ചോദിയ്ക്കാന്‍

വിഴുങ്ങി ക്കളഞ്ഞു പേമാരി
വെയിലിനെ
കൂടെ കൊടുത്തു
വെയില്‍ വിഴുങ്ങിയ
അമ്മപ്പുഴക്ക്‌ പുനര്‍ജ്ജന്മം






Translate