നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജൂൺ 5, ബുധനാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -4

പിടി ദ്രവിച്ച മഴു 
പിടിയിടാനീല്ലൊരു 
മരം പോലും ബാക്കി
==================
ഒറ്റയ്ക്കൊരു കളിപ്പന്ത്‌ 
മഴ നനയുന്നു 
കളിയോഴിഞ്ഞ മൈതാനത്ത് 
=========================
വെയില്‍പ്പൂവുകള്‍
പൊഴിഞ്ഞു കിടപ്പൂ 
മരത്തണലില്‍ 
=========================
സൂര്യനുരുകി 
യൊഴുകുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
=========================
കുസൃതിക്കാറ്റ് 
പതിഞ്ഞു പെയ്യുന്ന മഴയെ 
ജലകപ്പഴുതിലൂടകത്തേക്കെറിഞ്ഞ് 
=========================
ചാറ്റല്‍മഴ 
പൊടിമണ്ണില്‍ 
പൂ വിതറി 
=========================
മഴ ചുംബിച്ചുണര്‍ത്തിയെന്‍ 
മടിച്ചു മയങ്ങിയ  
രോമക്കൂട്ടങ്ങളെ 
=========================
പക്ഷി 
കുടഞ്ഞെറിയുന്നു 
പറ്റിപ്പിടിച്ച മഴയെ 
=========================
വെയില്‍ 
മഴപ്പാടുകള്‍ 
മായ്ച്ചു മായ്ച്ചു 
=========================
നിശാഗാന്ധി 
മണംപരത്തുന്നു 
നിലാവൂറ്റിക്കുടിച്ചുന്മത്തയായ്  
=========================
ശവക്കല്ലറ 
മരിച്ച ഇലകള്‍-
ക്കിടയില്‍  മറഞ്ഞ്   

=========================
മഴ 
നിറം മങ്ങിയ ഓടുകളെ 
മുത്തി മുത്തി ചുവപ്പിച്ച് 



2013, ജൂൺ 3, തിങ്കളാഴ്‌ച

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇരുട്ടില്‍
തിളങ്ങുന്നൊരു 
ചെന്നായ് തന്‍ കണ്ണുകള്‍ 
ഇളം മാംസം 
കണ്ട ഉണ്മാദത്താല്‍ .....

അമ്മച്ചൂടില്‍ ഒട്ടിമയങ്ങും 
കുഞ്ഞുപൈതലെ 
കടിച്ചെടുത്ത് 
കുടഞ്ഞെറിഞ്ഞു 
രക്തമൂറ്റിക്കുടിച്ചു 
ഒരു ചെറുമിടുപ്പ് 
ബാക്കിയാമിളം ദേഹം 
കാട്ടിലെറിഞ്ഞു 
ചിറിനക്കിത്തുടച്ചു 
നടന്നകലുന്നാ 
ചെന്നായ്  ......

പിറ്റത്തെ പകലില്‍
ആട്ടിന്‍ തോലണിഞ്ഞു  
കണ്ണീരോഴുക്കാന്‍ 

2013, മേയ് 30, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ ദ്രവിക്കുന്നത് അല്ലെങ്കില്‍ പൊടി പിടിക്കുന്നത്‌

ചീന ഭരണി 
തട്ടിന്‍പുറത്ത്
പൊടിപിടിച്ചു 
കൂടെ അമ്മുമ്മയുടെ 
ഓര്‍മകളും 
രുചികളും 

ചാരു കസേര 
പൂമുഖത്ത് 
ദ്രവിച്ചു തുടങ്ങി 
കൂടെ അപ്പൂപ്പന്‍ 
പകര്‍ന്ന 
കഥകളും 
നന്മകളും .

ഞാനൊരമ്മൂമ്മയാവില്ല 
പക്ഷേയൊരു 
ഗ്രാന്‍ഡ്‌മായാകും 
പ്രിയതമന്‍ 
ഗ്രാന്‍ഡ്‌പായും .

എന്നെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ 
പൊടിപിടിക്കുന്നത്‌ 
ഒരു നൂഡില്‍സ് 
പായ്ക്കിന് മുകളിലയിരിക്കാം 

എന്‍ പ്രിയതമനെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ ദ്രവിക്കുന്നത് 
മൂലയ്ക്ക് ഒതുങ്ങിയ 
ലാപ്ടോപ്പിലായിരിക്കും 

കാരണം നൂഡില്‍സ് 
കൊടുത്തു 
ലാപ്ടോപ്പില്‍ 
പാട്ടും കഥകളും 
കേള്‍പ്പിച്ചായിരിക്കുമല്ലോ
ഞങ്ങളൊക്കെ 
കൊച്ചു മക്കളെ വളര്‍ത്തുന്നത്


2013, മേയ് 17, വെള്ളിയാഴ്‌ച

സുഖമുള്ള ഓര്‍മ്മകള്‍


അപ്പൂപ്പന്‍ എന്നാല്‍ എല്ലാവര്‍ക്കും എങ്ങനെ എന്ന് എനിക്കറിയില്ല .എന്നാല്‍ എനിക്ക് അത് സ്നേഹമുള്ള ഓര്‍മയാണ്  .2006 ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് പറയാന്‍ ഒരു പാട് കഥകളും ബാക്കിയാക്കി അപ്പൂപ്പന്‍ യാത്രയായത് . ഒരു പാട് കഥകള്‍ പറഞ്ഞു തരുമായിരുന്നു അപ്പൂപ്പന്‍ .അതിലേറെയും മഹാഭാരതത്തിലേയും രാമായണത്തിലെയും കഥകളാണ് .കയ്യിലൊരു പുസ്തകമില്ലാതെ അപ്പൂപ്പനെ ഞാന്‍ കണ്ടിട്ടില്ല. പൂമുഖത്തെ കസേരയില്‍ ഒരു പുസ്തകവും വായിച്ചിരിക്കുന്ന അപ്പൂപ്പനായിരുന്നു ആ വീട്ടിന്‍റെ ഐശ്വര്യം . മുന്‍ ശുണ്ടിക്കാരനായ അച്ഛന്ന്‍റെ എത്രയെത്ര  അടികളില്‍ നിന്നാണെന്നോ അപ്പൂപ്പന്‍  രക്ഷിച്ചിട്ടുള്ളത് . അച്ഛന്‍ വടി എടുക്കുമ്പോലേക്കും 
ഓടി അപ്പൂപ്പന്‍റെ കസേരയുടെ അടിയില്‍ കയറും .പുലി പോലെ വരുന്ന അച്ഛന്‍ എലിയെ പ്പോലെ മടങ്ങിപ്പോകും . എന്‍റെ അനിയന്‍ രഞ്ജിത് നോട് അപ്പൂപ്പന് കുറച്ചു വാത്സല്യക്കൂടുതല്‍ ഉണ്ടായിരുന്നു . അവനായിരുന്നു കുടുബത്തിലെ ആദ്യത്തെ ആണ്‍തരി .അതു കൊണ്ട് തന്നെ അപ്പൂപ്പന്‍റെ അടുത്ത് അവനു ഭയങ്കര അധികാരവുമായിരുന്നു .
വേനലവധി ആയാല്‍ കുട്ടിപ്പട്ടാളങ്ങളെല്ലാം അപ്പൂപ്പന്‍റെ ചുറ്റും കൂടും .കഥ കേള്‍ക്കാന്‍ വേണ്ടി .രാത്രിയിലായിരുന്നു കഥ പറച്ചില്‍ .അത്താഴവും കഴിഞ്ഞു ഞങ്ങള്‍ അപ്പൂപ്പന്‍റെ കട്ടിലില്‍ സ്ഥാനം പിടിക്കും .അപ്പൂപ്പന്‍റെ തൊട്ടു അടുത്തുള്ള സ്ഥാനം രഞ്ജിത് ത്തി നായിരിക്കും .ബാക്കി സ്ഥാനത്തിനാണ് അടിപിടി .ഒടുവില്‍ എല്ലാവരെയും കിടത്തി അപ്പൂപ്പന്‍ കഥ പറച്ചില്‍ തുടങ്ങും .പറഞ്ഞു പറഞ്ഞു കഥ കഴിയുമ്പോ അപ്പൂപ്പന്‍റെ ഒരു ചോദ്യം ഉണ്ട് .ഉറങ്ങിയവര്‍ കൈ പോക്ക് .കേള്‍ക്കണ്ട താമസം എല്ലാവരും കൈ പൊക്കി പിടിക്കും . അതെന്തിനായിരുന്നു എന്ന് ഇന്നും എനിക്കറിയില്ല .
അപ്പൂപ്പന്‍റെ ശിക്ഷാ രീതി ആയിരുന്നു അതിലും രസകരം .ആരെക്കുറിച്ചെങ്കിലും ഒരു പരാതി കിട്ടിയാല്‍ അവരെയും കൂട്ടി അപ്പൂപ്പന്‍ ഇരുട്ട് മുറി എന്ന് ഞങ്ങള്‍ വിളിക്കുന്ന മുറിയിലേക്ക് പോകും . ആ മുറിയില്‍ അധികം വെളിച്ചം ഇല്ലായിരുന്നു .അവിടെച്ചെന്നു അപ്പൂപ്പന്‍ ഉറക്കെ കൈ കൊട്ടും എന്നിട്ട് കരയാന്‍ പറയും . ഇനി ഇങ്ങനെ ചെയ്യുമോ എന്നൊക്കെ ഉറക്കെ ചോദിക്കും .എന്നിട്ട് അടി കിട്ടാത്ത കാര്യം ആരോടും പറയരുതെന്ന് പറയും .പരാതിക്കാരനും സന്തോഷം കുറ്റക്കാരനും സന്തോഷം  .
ഇന്ന് ആ സ്നേഹമുള്ള അപ്പൂപ്പന്‍ ഇല്ല .അപ്പൂപ്പന്‍ അനാഥമാക്കിയ പൂമുഖം ഇന്ന് കാണുമ്പോ ഒരു നൊമ്പരമാണ് . പലപ്പോളും തോന്നാറുണ്ട് വലുതാവേണ്ടിയിരുന്നില്ല എന്ന് .നന്മയും സന്തോഷവും നിറഞ്ഞ ബാല്യത്തില്‍ എന്നും ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എന്ന് ..

2013, മേയ് 3, വെള്ളിയാഴ്‌ച

എന്നാലുമെന്‍റെ മഴപ്പെണ്ണേ

ആശകളായിരം  തന്നിട്ട് 
ഒരു വടക്കന്‍ കാറ്റിനെ 
കണ്ടപ്പോ നീ 
കൂടെയിറങ്ങിപ്പോയല്ലോ 
എന്‍റെ മഴപ്പെണ്ണേ 


നിന്‍റെ മഴ മുത്തം 
കിട്ടാന്‍ ആകാശത്തേക്ക് 
നോക്കി  നിന്ന 
എന്നെ പൊടിമണ്ണില്‍ 
കുളിപ്പിച്ചിട്ടാണല്ലോടി 
ആ കള്ളക്കാറ്റ്
നിന്‍റെ കയ്യും പിടിച്ചു 
കൊണ്ട് പോയത്  


എന്നിട്ടും നീയാ 
സഹ്യനെ കണ്ടപ്പോ 
കാറ്റിനെ കളഞ്ഞു 
അവന്‍റെ കൂടെ പോയിന്നു 
കേട്ടൂല്ലൊ 

പിന്നെയും   അവിടെ
ഇടിയും മിന്നലുമൊക്കെ 
കാണിച്ചു നീയെനിക്ക് 
പിന്നെയുമാശ തരുവാണല്ലോ 
കള്ളിപ്പെണ്ണേ  

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴയെപ്പിടിക്കാന്‍

വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 
പിടി തരാതെ നില്‍ക്കും 
കാര്‍മേഘത്തെ പിടിക്കാന്‍ 
പിടിച്ചു പിഴിഞ്ഞ് 
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും 
പുതുഗന്ധം ശ്വസിക്കാന്‍  
പുതുമഴ തീര്‍ക്കും 
കുഞ്ഞരുവികളില്‍ 
കളിവള്ളമൊഴുക്കിക്കളിക്കാന്‍ 
കളിച്ചു  പനിപിടിച്ചു 
വിറച്ചോന്നു കിടക്കാന്‍ 
പനിക്കുളിരകറ്റാനമ്മയിടും 
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന് 
അമ്മതന്‍ കൈച്ചൂ ടില്‍ 
മയങ്ങാന്‍ 
വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -3

ചൂടുകല്ലിന്‍  ചുംബനം 
മാവിന്‍റെ ശീല്‍ക്കാരം 
ദോശയുടെ പിറവി   
================
പ്രഭാതസവാരി 
കോടമഞ്ഞിലലിയു
മാള്‍രൂപങ്ങള്‍ 
================
ഗുല്‍മോഹറുകള്‍ 
രാജവീഥികളില്‍ 
പട്ട് വിരിച്ച് 

================
പടക്കം 
പൊട്ടിച്ചിറങ്ങി വന്നു 
ആയിരം വര്‍ണ്ണമിന്നാമിന്നികള്‍ 
================
വിഷാദന്‍ 
ഇലത്തുംമ്പിലൊറുമ്പ് 
ആകാശമിനിയുമകലെ 
================
കടലോരം 
പരസ്പരമോട്ടി 
പ്രണയിനികള്‍ 
================
വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
================
തിര തിരയുന്നു 
മണലില്‍ മറഞ്ഞ 
മുത്തിനായ് 
================
ചിലന്തിവല 
മഞ്ഞു മുത്തുകള്‍ 
കൊരുത്ത് 
================
മയിലുകള്‍ 
പീലികളില്‍ 
മഴവില്ലോളിപ്പിച്ച് 
=================
കളിമണ്ണ് 
കലമാകുന്നു 
കൈകള്‍ക്കിടയിലൂടെ 
=================
കുമിളകള്‍ 
സ്വതന്ത്രരാക്കി
കല്ലിന്‍ മുങ്ങിമരണം 
=================
കമ്പിത്തിരി 
എരിഞ്ഞോടുങ്ങുന്നു 
കുഞ്ഞിക്കണ്ണുകളില്‍ 
=================

Translate